Thursday, 10 September 2015

മാണിക്ക്യം (Ruby)

മാണിക്ക്യം (Ruby)

ഈ രത്‌നം സൂര്യഗ്രഹത്തെ പ്രതിനിധാനം ചെയ്യുന്നു. സൂര്യനില്‍ നിന്നുണ്ടാകുന്ന vibrations ഫലപ്രദമായ ചികിത്സയാണ് മാണിക്യ രത്‌ന ധാരണം. ഇത് ചുവപ്പ്, റോസ്, മഞ്ഞ, ആകാശനീല, വയലറ്റും ചുവപ്പും ചേര്‍ന്ന നിറം (ഏകദേശം കറുപ്പ്) എന്നീ നിറങ്ങളില്‍ ലഭിക്കുന്നു.

ജാതകവശാല്‍ ചിങ്ങലഗ്‌നത്തില്‍ ജനിച്ചവരും ചിങ്ങം രാശി നാല്, ഒന്‍പത്, പത്ത് ഭാവമായിവരുന്നവര്‍ക്കും ധരിച്ചാല്‍ പൂര്‍ണ്ണ ഫലം കിട്ടും. മകം, പൂരം, ഉത്രം1/4 നക്ഷത്രക്കാര്‍ക്കും മാണിക്ക്യം ധരിക്കാവുന്നതാണ്. ചന്ദ്രന് ബലമുണ്ടായിരിക്കുകയും സൂര്യന്‍ അഷ്ടമാധിപന്‍ ആകാതിരിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും പൂര്‍ണ്ണഫലം ലഭിക്കുന്നതാണ്. ദു:സ്ഥാനാധിപനാണ് സൂര്യനെങ്കില്‍ റൂബി ധരിക്കരുത്. അങ്ങനെയുള്ള അവരുടെ ഭാഗ്യ രത്‌നം ധരിക്കുക. സൂര്യന്‍ സുസ്ഥാനാധിപത്യം ഉണ്ടാകുകയും മോശം സ്ഥാനങ്ങളില്‍ നില്‍ക്കുകയും ചെയ്താല്‍ അവര്‍ക്ക് സാമ്പത്തികബുദ്ധിമുട്ട്, സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍, ആത്മവിശ്വാസകുറവ്, ഉദ്യോഗത്തില്‍ ശോഭിക്കായ്ക, അസുഖങ്ങള്‍ എന്നിവയുണ്ടാകാം. ഇവയ്ക്കു പ്രതിവിധിയായി റൂബി ധരിച്ചാല്‍ മതി. ബുദ്ധി, അറിവ്, പ്രശസ്തി ഇവയെല്ലാം തരുവാനുള്ള കഴിവ് മാണിക്ക്യക്കല്ലിനുണ്ട്.

കാര്‍ത്തിക, ഉത്രം, ഉത്രാടം എന്നീ നക്ഷത്രങ്ങളുടെ ആധിപത്യം സൂര്യനുണ്ട്. അതിനാല്‍ ഈ നക്ഷത്രക്കാര്‍ക്കും റൂബി ധരിക്കാവുന്നതാണ്. പക്ഷെ മുന്‍പ് പറഞ്ഞതുപോലെ മാരകാധിപത്യമോ ദു:സ്ഥാനാധിപത്യമോ ഉണ്ടാകരുത്. അങ്ങനെ വന്നാല്‍ ഗുണത്തെക്കാള്‍ ഏറെ ദോക്ഷം ഉണ്ടായെന്നിരിക്കും. ഇവര്‍ എട്ടാം തീയതി ജനിച്ചവരായാല്‍ കഴിവതും റൂബി ധരിക്കാതിരിക്കുക. (8, 17, 26)

ജനന തീയതി പ്രകാരവും റൂബി ധരിക്കാം 1, 10, 19, 28, തീയതികളില്‍ ജനിച്ചവര്‍ക്ക് റൂബി ധരിക്കാം. പേരിന്റെ അക്ഷരങ്ങള്‍ തമ്മില്‍ കൂട്ടുമ്പോള്‍ മുന്‍പ് പറഞ്ഞ നമ്പരുകള്‍ വന്നാലും ഓഗസ്റ്റ് 15നും സെപ്റ്റംബര്‍15 നും ഇടക്ക് ( Leo - Simha) ജനിച്ചവര്‍ക്കും റൂബി ധരിക്കാവുന്നതാണ്.

റൂബി 2 ക്യാരറ്റ് മുതല്‍ 5 ക്യാരറ്റ് വരെയുള്ള കല്ലുകള്‍ ധരിക്കാം. കൂടുതല്‍ വലിപ്പമുള്ള കല്ലുകള്‍ ഇഷ്ടമല്ലാത്തവര്‍ അവരുടെ ഇഷ്ടാനുസരണം ധരിക്കുക. പക്ഷെ സൂര്യന് തീരെ ബലക്കുറവുണ്ടായാല്‍ (നീച ക്ഷേത്രത്തിലോ ശത്രു ക്ഷേത്രത്തിലോ സ്ഥിതി വന്നാലും അംശകസ്ഥിതി വന്നാലും) തൂക്ക കൂടുതലുള്ള കല്ല് തന്നെ ധരിക്കെണ്ടാതാണ്.

ഹസ്തരേഖാശാസ്ത്രം പ്രകാരം സൂര്യമണ്ഡലം മോതിരവിരലിനു താഴെയാണ്. അതിനാല്‍ റൂബി ധരിക്കേണ്ടത് മോതിരവിരലില്‍ തന്നെയാവണം. ഇവ ധരിക്കുന്നതിനും സമയമുണ്ട്. സൂര്യദിനമായ ഞായറാഴ്ച ഉദയം മുതല്‍ ഒരു മണികൂര്‍ സൂര്യനാണ് ആ സമയത്തിന്റെ അധിപന്‍. അതിനാല്‍ ആ ഒരു മണിക്കൂറിനുള്ളില്‍ മോതിരം ധരിക്കുക.

സൂര്യന്‍ ചെമ്പിന്റെയും സ്വര്‍ണത്തിന്റെയും കാരകത്വമുണ്ട് അതിനാല്‍ ഇതില്‍ ഏതെങ്കിലും ലോഹം മോതിരത്തില്‍ ഉപയോഗിക്കുക. മോതിരം അണിയുമ്പോള്‍ ശരീരത്തില്‍ കല്ല് സ്പര്‍ശിക്കുന്ന രീതിയില്‍ വേണം പണിയുവാന്‍. അതുപോലെ തന്നെ മോതിരം പൂജിച്ചതിനു ശേഷം ധരിക്കുന്നതും നല്ലതുതന്നെ. ദോഷ ഫലങ്ങള്‍ മാറുവാന്‍ അല്ലെങ്കില്‍ കുറയുവാനാണല്ലോ നാം രത്‌നം ധരിക്കുന്നത്. അപ്പോള്‍ സൂര്യഗ്രഹത്തെയും സൂര്യന്റെ കാരകദേവതയെയും സ്മരിക്കുന്നതും ഭജിക്കുന്നതും പൂര്‍ണ്ണഫല പ്രാപ്തിക്ക് എളുപ്പമാകും. ശിവ പഞ്ചാക്ഷരി 108 ഉം സൂര്യ സ്‌തോത്രവും 8 മുതല്‍ 108 വരെ തവണ ദിവസവും ജപിക്കുക.

സൂര്യസ്‌തോത്രം 
ജപാ കുസുമ സങ്കാശം കാശ്യപേയം മഹാദ്യുതിം 
തമോരിം സര്‍വ്വപാപഹ്നം പ്രണതോസ്മി ദിവാകരം. 

അല്ലെങ്കില്‍ 

അശ്വധ്വജായ വിദമഹേ 
പാശഹസ്തായ ധീമഹി 
തന്നോ സൂര്യ പ്രചോദയാത് 
എന്ന സൂര്യ ഗായത്രി ഇവ രണ്ടുമോ ജപിക്കാം. 

മോതിരത്തിന്റെ കല്ലിനടിയില്‍ അഴുക്കടിയാതെ സൂക്ഷിക്കണം. ഭക്ഷണം കഴിക്കുമ്പോഴും കുളിക്കുമ്പോഴും മോതിരം അഴിച്ചു വയ്ക്കുന്നത് നന്നായിരിക്കും. ഭക്ഷണാവശിഷ്ടവും, എണ്ണ, സോപ്പ് മുതലായവയും കല്ലില്‍ പറ്റിപ്പിടിക്കാതിരിക്കാനാണിത്. മാണിക്യം ചില അസുഖങ്ങള്‍ ഇല്ലാതാക്കും. റൂബി ധരിച്ചാല്‍ സൂര്യ താപം ഏല്‍ക്കില്ല. വിളര്‍ച്ച, ക്ഷീണം, പനി, നീര്‍ദോക്ഷം ഇവ സുഖമാകും. ഹൃദയ രോഗങ്ങള്‍ ഉണ്ടാവില്ല. ഹൃദ്രോഗികള്‍ റൂബി ധരിക്കുക രോഗശമനമുണ്ടാകും. Blood circulation നിയന്ത്രിക്കും. ദഹനക്രിയ ശരിയായി നടക്കും.

ബിസിനസ്സ് സംബന്ധമായ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സിനിമയുമായി ബന്ധപ്പെട്ടവര്‍, സര്‍ക്കാര്‍ ജോലിക്കാര്‍ (സൂര്യന് ബലമുണ്ടെങ്കില്‍ സര്‍ക്കാര്‍ ജോലി ലഭിക്കും) എന്നിവരെല്ലാം മാണിക്ക്യം ഭാഗ്യ രത്‌നമായി ഉപയോഗിച്ചാല്‍ തന്റെ കര്‍മ്മങ്ങളില്‍ ഉയര്‍ച്ചയുണ്ടാകും. 

No comments:

Post a Comment