Saturday, 10 February 2018

ഇന്ദ്രനീലം

 ഇന്ദ്രനീലം
ഇന്ദ്രനീലം ശനിയുടെ രത്നമാണ്.
ജ്യോതിഷപ്രകാരം ഏറ്റവും ദോഷഫലങ്ങള്‍ ചെയ്യുന്ന ഗ്രഹങ്ങളിലൊന്നാണ് ശനി, ഏഴരശനി, കണ്ടകശനി തുടങ്ങിയ ദോഷങ്ങള്‍ അനുഭവിക്കാത്തവ൪ ഇല്ലതന്നെ.
മരണം, രോഗം, ദാസഭാവം, ആയുസ്സ്, അന്യഭാഷാ വിദ്യാഭ്യാസം, അപമാനം, ദാരിദ്രം, ആപത്ത്, ആശൌചം, ഇരുമ്പുസംബന്ധമായ തൊഴില്‍, നീചസംസ൪ഗ്ഗം, അലസത, കാരാഗ്രഹം, ബന്ധനം, സന്ധ്യ, ധാന്യസംഭരണം, ഓ൪മ്മക്കുറവ്, നാശം, കറുപ്പുനിറം, ശാസ്താവ്, വാതരോഗം, ഇവയൊക്കെ ശനിയെക്കൊണ്ട് ചിന്തിക്കണം.
മേല്‍ പ്രതിപാദിച്ചവയുമായി സംബന്ധിക്കുന്ന എല്ലാ കുറവുകള്‍ക്കും, അല്ലെങ്കില്‍ പരാജയങ്ങള്‍ക്കും, ഇവയുമായി നല്ല ബന്ധം നിലനി൪ത്താന്‍ കഴിയാതെ പോവുകയും ചെയ്യുന്നുവെങ്കില്‍ അതിന്‍റെ പൂ൪ണ്ണകാരണം, ശനി അനുകൂലനല്ല എന്നതാണ്. ശനിയുടെ രത്നമായ ഇന്ദ്രനീലം ധരിച്ചാല്‍ ഈ പ്രശ്നങ്ങളെ നല്ലൊരു ശതമാനം വരെ അതിജീവിക്കുവാന്‍ കഴിയും. ഇന്ദ്രനീലത്തിന് ശനിയുടെ ശക്തി ധരിക്കുന്ന ആളിലേയ്ക്ക് വ്യാപിപ്പിക്കുവാന്‍ കഴിയും.
വാത കഫ രോഗങ്ങള്‍, കാല് ഒടിയല്‍, ആപത്ത്, ക്ഷീണം, അധ്വാനം, ബുദ്ധിഭ്രമം, ഉദരരോഗം, ഹൃദയരോഗങ്ങള്‍, ഭൃത്യന്മാ൪ക്ക് നാശം, പശുക്കള്‍ക്ക് നാശം, ഭാര്യപുത്രാദികള്‍ക്ക് ആപത്ത്, അംഗവൈകല്യം, ഹൃദയ ദുഃഖം, മരംകൊണ്ടോ കല്ലുകൊണ്ടോ മുറിവ്, ദുഷ്ടന്മാരെക്കൊണ്ട് ഉപദ്രവം, പിശാചുക്കളെക്കൊണ്ട് ഉപദ്രവം.
മേല്‍ പറഞ്ഞവയ്ക്ക് പ്രതിവിധിയായും, മേല്‍ പറഞ്ഞ രോഗങ്ങള്‍ ഉണ്ടാകാതെയിരിക്കുവാനും, ഇന്ദ്രനീലം എന്ന രത്നം അണിയുന്നത് ഉത്തമമായിരിക്കും. ശനിയുടെ ദോഷഫലങ്ങളെ അകറ്റിനി൪ത്തുകയും, ഗുണഫലങ്ങളെ വ൪ദ്ധിപ്പിക്കുകയുമാണ്‌ ഇന്ദ്രനീലം ചെയ്യുന്നത്.
നല്ല ഇന്ദ്രനീലം ധരിച്ചാല്‍, ദാരിദ്ര്യം മാറുക, ആഗ്രഹങ്ങള്‍ സഫലീകരിക്കുക., ധനം, ആയുസ്സ്, അഭിവൃദ്ധി, ആഹ്ലാദം, കീ൪ത്തി എന്നിവ വ൪ദ്ധിക്കുക, തുടങ്ങിയ ശുഭ ഫലങ്ങള്‍ ചെയ്യും.
ജാതകത്തില്‍ ശനിയുടെ സ്ഥിതി അനുസരിച്ച് മറ്റു പല ഗുണഫലങ്ങളും, ത്വരിതമായി അനുഭവപ്പെടും. ഇന്ദ്രനീലരത്നം ഔഷധങ്ങള്‍ക്ക് ആയു൪വേദത്തില്‍ ഉപയോഗിച്ചുവരുന്നു.
ഈ രത്നം ധരിച്ചാല്‍ 2 മണിക്കൂറിനുള്ളില്‍ ഗുണഫലങ്ങള്‍ അനുഭവിക്കുമെന്നും, ദോഷഫലമാണെങ്കില്‍ 6 മണികൂറിനകം അനുഭവിക്കുമെന്നും പറയപ്പെടുന്നു. താരതമ്യേന തമോഗുണപ്രദനായ ശനിയുടെ രത്നമായതിനാല്‍, ഗ്രഹനിലയും ഗ്രഹസ്ഥാനങ്ങളും, നല്ലവണ്ണം പരിശോധിച്ചുവേണം ഇന്ദ്രനീലം രത്നധാരണത്തിനു നി൪ദ്ദേശിക്കുവാന്‍.
ഇന്ദ്രനീലം ധരിക്കണമെന്ന് ഉറച്ചുകഴിഞ്ഞാല്‍ അത് അംഗീകൃത വ്യാപാരികളില്‍ നിന്ന് മാത്രം വാങ്ങിക്കുക. ദോഷഫലം ഒരിക്കലും ചെയ്യുകയില്ലായെന്ന് ഒരു ജ്യോതിഷിയുടെ ഉറപ്പ് ലഭിച്ചതിനുശേഷം മാത്രമേ ഇന്ദ്രനീലം ധരിക്കാവു. രത്നങ്ങള്‍ക്ക് പൊതുവേ ക്ഷിപ്രഫലദാന ശേഷിയുണ്ട്.
പലതരം ആഭരണമായി രത്നങ്ങള്‍ ധരിക്കുമെങ്കിലും മോതിരങ്ങള്‍ക്കാണ് കൂടുതല്‍ ഫലദാന ശേഷിയുള്ളത്‌. ദോഷഫലങ്ങള്‍ ഉണ്ടോയെന്ന് അറിയാന്‍ പതിനാല് ദിവസം രത്നം അതേ നിറത്തിലുള്ള പട്ടുതുണിയില്‍ പൊതിഞ്ഞ് കൈയില്‍ കെട്ടിനോക്കി പരീക്ഷിക്കുന്നത് ഉത്തമമായിരിക്കും. പതിനാല് ദിവസത്തിനകം ഗുണഫലങ്ങള്‍ അനുഭവപ്പെടുന്നു എങ്കില്‍ ഇന്ദ്രനീലം ധരിക്കുവാന്‍ തീ൪ച്ചപ്പെടുത്താം.
മോതിരത്തില്‍ ധരിക്കുന്ന ഇന്ദ്രനീലത്തിന് , 4 കാരറ്റ് ഭാരം ഉണ്ടായിരിക്കണം. ഇന്ദ്രനീലം വിരലിനെ സ്പ൪ശിക്കത്തവിധം മോതിരം നി൪മ്മിക്കണം. ഇതിന് ഏറ്റവും അനുയോജ്യമായ ലോഹം ഇരുമ്പാണ്. ചില൪ അഷ്ടധാതുക്കളും ഉപയോഗിച്ചുവരുന്നു. ശനിയാഴ്ച ദിവസം ശുഭ മുഹൂ൪ത്തത്തിലോ, പൂയ്യം, അനിഴം, ഉതൃട്ടാതി ഈ നക്ഷത്രങ്ങളിലൊന്നിലോ, ശനിഹോരയിലോ മോതിരം ലോഹത്തില്‍ ഘടിപ്പിക്കുക.
മോതിരം തയ്യാറായിക്കഴിഞ്ഞാല്‍, നീലനിറമുള്ള പട്ടില്‍ പൊതിഞ്ഞ്, ശനിയന്ത്രം വെച്ചിരിക്കുന്ന പീഠത്തില്‍ വെയ്ക്കുക. അതിനുശേഷം ശനി മന്ത്രം ജപിച്ച് ശക്തി വരുത്തുക. ഷോഡോപചാരപൂജ നടത്തി ദാനധ൪മ്മങ്ങള്‍ നി൪വ്വഹിച്ച് വലതുകൈയുടെ നടുവിരലില്‍ ഇന്ദ്രനീല മോതിരം ധരിക്കുക. ഇന്ദ്രനീലത്തിന് 5 വ൪ഷം വരെ ദോഷഹരണശേഷിയുണ്ട്. 5 വ൪ഷത്തിന് ശേഷം പുതിയ മോതിരം ധരിക്കുക. പഴയ മോതിരത്തെ പൂജാമുറിയില്‍ സൂക്ഷിക്കുക.
ഇന്ദ്രനീലത്തോടൊപ്പം മാണിക്യം, മുത്ത്, പവിഴം, മഞ്ഞ പുഷ്യരാഗം ഇവ ഒരിക്കലും ധരിക്കരുത്.

No comments:

Post a Comment